പാലക്കാട്: രാജ്യത്തിന്റെ വികസനമെന്നത് സാന്പത്തികം മാത്രമല്ലെന്നും പരിസ്ഥിതി സംരക്ഷണം വികസനത്തിന്റെ ഭാഗമാണെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് മേഴ്സി കോളജിൽ സംഘടിപ്പിച്ച ശുചിത്വയജ്ഞവും വൃക്ഷതൈ നടീലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വച്ഛ് ഭാരത് അഭിയാൻ പോലുള്ള കേന്ദ്ര സർക്കാർ പദ്ധതികളുടെ വിജയത്തിന് ജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. സ്വച്ഛത വെറുമൊരു പ്രതീകാത്മക പ്രവർത്തനമല്ല. ശുചിത്വം പൊതുകടമയും ഉത്തരവാദിത്തവുമാണ്. ആഗോളവത്കരണത്തിന്റെ ഭാഗമായി നാം പ്രകൃതിയെ മറക്കുന്നു. ഇത് തുടർന്നാൽ വലിയ തിരിച്ചടിയാവും ലഭിക്കുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശുചിത്വ ഇന്ത്യ എന്ന ദർശനം മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും സുരേഷ്ഗോപി പറഞ്ഞു. തുടർന്ന് വിദ്യാർഥിനികളുമായി നടന്ന സംവാദത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സസ്യജാലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കോളജിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം പ്ലാവിൻതൈ നടുകയും ചെയ്തു. ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ബിജു ഗോപിനാഥ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ എൻ.എം. ലൗലി പ്രസംഗിച്ചു. ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, വൈസ് പ്രസിഡന്റ് സി. മധു തുടങ്ങിയവർ പങ്കെടുത്തു.